ഫാമിലേക്ക് ( ആറളം ഫാമിൽ 2 )

താൽകാലിക അടിസ്ഥാനത്തിൽ പെരുമ്പാവൂരിന്നടുത്ത് ഒക്കലിൽ അഗ്രിക്കൾച്ചർ ഡെമോൺസ്ട്രേറ്ററായി ജോലിചെയ്യുകയായിരുന്നു ഞാൻ. ആറളം ഫാമിൽ സ്ഥിരം ജോലിക്കുള്ള ഇന്റർവ്യൂ കഴിഞ്ഞിട്ട് ഫലം പ്രതീക്ഷിച്ചിരിക്കെയാണ് എംബ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തരം ഒക്കലിൽ നിയമിതനായത്.   ‌ജോലിയിൽ ചേർന്നിട്ട് ഒരാഴ്ച കഞ്ഞതേയുള്ളൂ
ഒരു ദിവസം ഉപ്പായുടെ കത്ത് വന്നു. ആറളം ഫാമിൽനിന്നും അപ്പോയ്മെന്റ് ഓർഡർ വന്നിട്ടുണ്ട് ഉടൻ പുറപ്പെടുക. ഒന്ന് രണ്ട് മാസം മുമ്പ് പാലക്കാട്  എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും വിളിച്ച പ്രകാരം ഞാൻ ഒരു ഇന്റർവ്യൂവിന് ഹാജറായിരുന്നു. ഒക്കലിൽ ജോലിചെയ്ത ഒരാഴ്ചത്തെ ശമ്പളത്തിന്റെ രശീത് ഞാൻ താമസിച്ചിരുന്ന വീട്ടിലെ ഇക്കായെ ഏല്പിച്ച് ഞാനുടൻ പുറപ്പെട്ടു. പെട്ടിയും തൂക്കി എറണാകുളം കെ എസ്‌ ആർട്ടീസി സ്റ്റാന്റിലെത്തി. സ്റ്റാന്റിൻലെ ചുവരിൽ ഒട്ടിച്ചിരുന്ന രാഗം എന്ന സിനിമയുടെ പോസ്റ്റർ. കടൽ കരയിൽ പേരക്കുട്ടിയോ ടൊന്നിച്ച് ഇരിക്കുന്ന മുത്തശ്ശന്റെ (അടൂർ ഭാസി)  ചിത്രമായിരുന്നു പോസ്റ്ററിൽ. എന്നാൽ പിന്നെ അതൊന്ന് കണ്ട് കളയാമെന്നായി. നേരെ പോയി മോണിങ്ങ് ഷോ കണ്ടു. കിട്ടിയ ബസ്സിൽ ഓങ്ങല്ലൂർ വന്നിറങ്ങി. രാത്രിഏഴരമണിയായി തറവാട്ടിലെത്തി യപ്പോൾ. എല്ലാവരും സന്തോഷത്തിലായിരുന്നു. രജ്ജിസ്റ്റർ കത്താണ്. കൃഷ്ണൻ കുട്ടി നമ്പ്യാരെ പോയി കാണ്ടു നോക്കാം വാ എന്നും പറഞ്ഞ് വെല്ലിമ്മായുടെ അസിസ്റ്റന്റ് ബീവിആത്ത ടോർച്ചുമെടുത്ത് മുന്നിൽ ഇറങ്ങി. ബീവിആത്തക്ക് സ്വന്തമായി ഒരു മകൻ മാത്രമേയുണ്ടായിരുന്നുള്ളൂ. കുള്ളനായ മുഹമ്മദിക്ക. രണ്ടു പേരും വെല്ലിമ്മാക്ക് സഹായങ്ങളെല്ലാം ചെയ്ത് തറവാട്ടിൽ താമസമായിരുന്നു. എന്റെ വികൃതി സഹിക്കാതെ എന്നും അവർ എന്നോട് വഴക്കുണ്ടാക്കിയിരുന്നെങ്കിലും അവർക്കെന്നെ ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും എന്റെ ഉമ്മ മരണപ്പെട്ട ശേഷം. കണ്ടാറിയിലൂടെ റെയിലിന്മേ കയറി പടിഞ്ഞാട്ട് നടന്നു. നീരാളിപ്പാടത്തിന്റെ വരമ്പിലൂടെ നടക്കവേ റ്റോർച്ചിന്റെ വെളിച്ചത്തിൽ കണ്ട കതിരായ നെൽച്ചെടികളുടെ ചിത്രം ഇന്നും മനസിൽ ബാക്കി. നമ്പ്യാരുടെ വീട്ടിലെത്തി. ഉപ്പയുടെ കൂട്ടുകാരനായിരുന്നു  കൃഷ്ണൻ കുട്ടി നമ്പ്യാർ. അദ്ദേഹം എനിക്കു വേണ്ടി കത്ത് വീട്ടിൽ കൊണ്ടുവന്നു വെച്ചിരുന്നു. ഒപ്പിടുവിച്ച് കത്ത് കൈമാറുമ്പോഴദ്ദേഹം പറഞ്ഞു ആപ്പീസീന്ന് എടുക്കാൻ പാടില്ലാത്തതാണ്. ഇങ്ങനെ ഒരു കാര്യായതുകൊണ്ടാ... എത്രയാ ബേസിക്ക് പേ ?
ഞാൻ അഭിമാനത്തോടെ പറഞ്ഞു 260_400 അന്ന് എൽ ഡി സി സാലറി 230_360 ആയിരുന്നു...
തരക്കേടില്ല്യാലോ...നന്നായിവരട്ടേ....
പണ്ട് നാലാം ക്ലാസിലെ ടി സി എന്റെ കൊച്ചു കൈകളിൽ വെച്ചുതരുമ്പോൾ എന്റെ ഗുരു ഗുരുക്കൾ മാഷും പറഞ്ഞു നന്നായിവാ....
ഈ അറുപത്തിമൂന്നാം വയസിൽ ഞാൻ സ്വയം ചോദിക്കുന്നു ഞാൻ നന്നായോ...
പിറ്റേന്ന് കണ്ണൂരിലേക്ക് തിരിച്ചു ആറളം ഫാമിലേക്ക് പോകാൻ തലശ്ശേരിയിൽ ഇറങ്ങുന്നതാണ് എളുപ്പം എന്ന് അറിയില്ലായിരുന്നു. ഒരു വൈകുന്നേരമാണ് കണ്ണൂരിലെത്തിയത്. റെയില്വേസ്റ്റേഷന്റെ അടുത്തുള്ള ഒരു ലോഡ്ജിൽ മുറിയെടുത്തു. ഇരുപത് രൂപയായിരുന്നു വാടക എന്ന് തോന്നുന്നു. പിറ്റേദിവസം രാവിലെ കുളിച്ചൊരുങ്ങി ഫാമിലേക്ക് പുറപ്പെട്ടു.

Comments

Popular posts from this blog

കൗണ്ടർ ഇന്റലിജൻസ്

മഴയുടെ പാട്ട്.

സ്കൂളിലേക്ക്