പ്രതിജ്ഞ (ആറളം ഫാമിൽ 3)

പ്രതിജ്ഞകളുടെ തുടക്കം സ്കൂളിൽ നിന്നായിരുന്നു. ബെല്ലടിച്ചാൽ ഒരോക്ലാസിലുള്ളവരും പ്രത്യേകം വരികളായി  സ്കൂൾ മിറ്റത്ത് അണിനിരക്കുന്നു ഭാരതം എന്റെ രാജ്യമാകുന്നു എല്ലാഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാകുന്നു എന്നു തുടങ്ങി ജൈഹിന്ദ് വരെ പ്രതിജ്ഞ പിന്നെ ഗുരുക്കൾ മാഷടെ വക ഉപദേശങ്ങൾ പിന്നെ ജനഗണമന അതുകഴിഞ്ഞാൽ വീണ്ടുമൊരു മണിയടി   തുടർന്ന്  ക്ലാസുകളിലേക്ക് ഒരോട്ടം അതായിരുന്നു പതിവ്.
പിന്നീട് ഞാനൊരു പ്രതിജ്ഞ ചെയ്തു 1975 ഒക്റ്റോബർ ഇരുപതിന് കാലത്ത് പത്തുമണിക്ക് ആറളം ഫാമിൽ ജോലിയിൽ ചേർന്നപ്പോൾ. തലേന്ന് രാത്രി കണ്ണൂരിൽ ഒരു ഹോട്ടലിൽ തങ്ങി രാവിലെ ഇരിട്ടി പാലപ്പുഴ വഴി ആറളം ഫാമിന്റെ ഹെഡാഫീസായ ഓടന്തോട്ട് എത്തുകയായിരുന്നു. പാലപ്പുഴ ഗേറ്റിൽ നിന്നും വാച്ചുമാന്മാർ ഞങ്ങളെ ഒരു ലോറിയിൽ കയറ്റി വിട്ടു. മോഹനനും ബഷീറും ആയിരുന്നു കൂടെ എന്നാണ് ഓർമ്മ. കാടും കാട്ടാറുകളും ഒക്കെക്കൂടി പ്രകൃതിരമണീയമായ സ്ഥലം. കുഞ്ഞിമോനാജി പണിത പഴയ ബംഗ്ലാവായിരുന്നു ആപ്പീസ്. മുകളിലെനിലയിൽ ഡയറക്റ്ററുടെ ഓഫീസും വിശ്രമമുറിയും.
പത്തുമണിക്ക് ഞങ്ങളെ പ്രതിജ്ഞ ചെയ്യാൻ വിളിച്ചു. സി ടി സി ആർ ഐയിൽ നിന്നും ഡെപ്പ്യൂട്ടേഷനിൽ വന്ന കുറുപ്പ് സാർ ആണ് സൂപ്രണ്ട്. അദ്ദേഹത്തിന്റെ മുമ്പാകെയായിരുന്നു ചടങ്ങ്. സർട്ടിഫിക്കേറ്റുകളെല്ലാം പരിശോധിച്ചശേഷം ഓരോരുത്തരെയായി പ്രതിജ്ഞ ചെയ്യിക്കാൻ തുടങ്ങി. ഇംകരിയസ്സിലായിരുന്നുമൊഴി. എനിക്കു മുമ്പുള്ളവർ ഉച്ചത്തിലുരുവിട്ടവരികൾ ഞാൻ കേട്ട് പഠിച്ചു ആശയം പിടികിട്ടുകയും ചെയ്തു. ചുരുക്കത്തിൽ എന്റെ രാജ്യത്തിന്റെയും സ്ഥാപനത്തിന്റെയും അഭിവൃദ്ധിക്കുവേണ്ടി ആത്മാർത്ഥമായി ഭീതിയോ പ്രീതിയോകൂടാതെ കഠിനാദ്ധ്വാനം ചെയ്യുമെന്നായിരുന്നു ആശയം. അവസാനമായി സൊ ഹെല്പ് മീ ഗോഡ് എന്നും ഉണ്ടായിരുന്നു. അന്ന് അതത്ര വലിയ ഒരു കാര്യമായൊന്നും തോന്നിയില്ല, ജോലിയിൽ ചേരുന്നതിനുമുമ്പുള്ള രസകരമായ ഒരാചാരം എന്നതിൽ കവിഞ്ഞ്. എന്റെ ഊഴത്തിനായി ഞാൻ കാത്തുനിന്നു. അബൂബക്കർ കോയ,..  ഞാൻ വിളിക്കപ്പെട്ടു. ഭവ്യതയോടെ ഞാൻ കുറുപ്പ്സാറിന്റെ മേശക്കുമുന്നിൽ ഹാജറായി. അദ്ദേഹം ചൊല്ലിത്തന്ന വചനങ്ങൾ പരമാവധി  അക്ഷരശുദ്ധിയുള്ള ഇംഗ്ലീഷിൽ ഏറ്റുപറഞ്ഞുകൊണ്ടിരുന്നു. അവസാനത്തെ സൊ ഹെല്പ് മീ ഗോഡ് എത്തിയപ്പോഴേക്കും എന്റെ ശ്രദ്ധപതറിപ്പോയി, ഏതോ ദിവാസ്വപ്നത്തിൽ മുഴുകി ഞാൻ മൗനം പാലിച്ചു." പറയൂ കുട്ടീ സോ ഹെല്പ് മീഗോഡ് " എന്ന കുറുപ്പു സാറിന്റെ ശാസനാസ്വരം കേട്ട് ഞെട്ടി ഞാൻ ഉച്ചത്തിൽ  ആവർത്തിച്ചു സോ ഹെല്പ് മീഗോഡ്....
അന്നത്ര കാര്യമായി തോന്നാതിരുന്ന ആപ്രതിജ്ഞ എന്റെ മനസി മുളച്ച് വേരോടി വളർന്ന് പന്തലിച്ചതിനുകാരണം കുറുപ്പ്സാർ എന്നെക്കൊണ്ട് നിർബന്ധിച്ചു ചൊല്ലിച്ച  ആപ്രാർത്ഥനയായിരിക്കാം ...

Comments

Popular posts from this blog

കൗണ്ടർ ഇന്റലിജൻസ്

മഴയുടെ പാട്ട്.

സ്കൂളിലേക്ക്