അവനെ ഇങ്ങോട്ടയക്ക് ഇവിടെ അവനു പറ്റിയ കോഴ്സുകളുണ്ട്....

ഉപ്പായുടെ മൂത്തുമ്മയുടെ മകൻ ബാവുട്ടി എന്ന് വിളിക്കുന്ന  കെപി ഹംസ ഉപ്പയോട് ആവശ്യപ്പെട്ടതാണ്.. കാര്യം ആത്മകഥയുടെ ഒരദ്ധ്യായമാകുന്നു. കാലം 1972 ഞാൻ പത്താം തരം ചെറ്ങ്ങനെ പാസായകാലം. തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എഞ്ചിനീയറിംഗ് ഫാക്കൽട്ടിയുടെ പ്രിൻസിപ്പലായി ഹംസ സാർ ചാർജ്ജെടുത്ത കാലം. അനുജനെ കാണാൻ പോയതായിരുന്നു എന്റെ ഉപ്പ കൂടെ ആത്മ സുഹൃത്ത് ആക്കയും. സൽക്കാരമൊക്കെ കഴിഞ്ഞ് മടങ്ങവേ ഹംസ സാർ ഉപ്പായോട് ചോദിച്ചു " നമ്മുടെ തല വല്ല്യോൻ ഇപ്പോളെന്ത് ചെയ്യുന്നു" തലവല്ല്യോൻ എന്ന വിശേഷണത്തിനൊരു കാരണമുണ്ട് കുഞ്ഞായിരിക്കെ ഞാനൊരു അശുവായിരുന്നുവത്രേ മെലിഞ്ഞ ഉടലും വലിയ തലയുമായി കാണാനൊട്ടും കൗതുകമില്ലാത്ത ഒരു കുഞ്ഞ്. സ്ഥലത്തെ പ്രധാന വൈദ്യന്മാരായ കുഞ്ചു വൈദ്യർ, ഉണ്ണിപരവൻ, വാഴേലെ തണ്ടാൻ മുതലായവർ ഗ്രാമത്തിലെ മുഴുവൻ ഇലകളും ‌ വേരുകളും  പൂക്കളും അരച്ചു കലക്കി ക്കുടിപ്പിച്ചതിന്റെ ഫലമായിട്ടാണത്രേ ഒരു മനുഷ്യക്കുഞ്ഞിന്റെ കോലത്തിലായത്. അത് വരെ വാൽമാക്രിയുടെ കോലത്തിലായിരുന്നു എന്നാണ് പ്രയപ്പെടുന്നത്. അന്ന് അകത്താക്കിയ സസ്യജാലങ്ങളിൽ മുത്തങ്ങയും തുമ്പപ്പൂവും ഉൾപെട്ടിരുന്നു എന്ന് ഇന്നും ഓർമ്മയിൽ ബാക്കി. അന്ന് ഉപ്പായുടെ അനുജന്മാരൊക്കെ എന്നെ സ്നേഹപൂർവ്വം തലവല്ല്യോൻ എന്ന് വിളിച്ചിരുന്നു എന്ന് എന്റെ ഉമ്മാക്ക് അത് കേൾക്കുന്നത് ഇഷ്ടമായിരുന്നില്ല എന്നും കേട്ടിട്ടുണ്ട്...
ഉപ്പ പറഞ്ഞു  പത്താം ക്ലാസ് കഷ്ടി കടന്നു കൂടീട്ട്ണ്ട്... പട്ടമ്പി കോളെജിലോ ടി ടി സിക്കോ വിടണം. ടിടിസി യായിരുന്നു ഉപ്പായുടെ ചോയ്സ്. ആ കൊല്ലം ടിടിസിക്ക് ആളെ എടുക്കുന്നില്ല എന്നറിഞ്ഞ്പ്പോഴാണ് പട്ടാമ്പി കോളേജിന് കിട്ടിയത്. എനിക്ക് ഇഷ്ടം കോളേജായിരുന്നു.‌ എളാപ്പ പറഞ്ഞു അവനെ ഇങ്ങോട്ടയക്ക് ഇവിടെ അവനു പറ്റിയ കോഴ്സുകളുണ്ട്....
അബൂബക്കർ കോയ എന്ന ഫാം സൂപ്രണ്ടിന്ന് ബീജാവാപം ചെയ്യപ്പെടുകയായിരുന്നു അന്ന്. അപേക്ഷിച്ചത് സാനിറ്ററി ഇൻസ്പെക്റ്റേഴ്സ് ട്രൈനിങ്ങ് കോഴ്സിനായിരുന്നു. ഒരു കൊല്ലത്തെ പഠനം കഴിഞ്ഞവർക്ക് ഉടൻ ഹെൽത്ത് ഇൻസ്പെക്റ്ററായി നിയമനം കിട്ടിയിരുന്നു... പക്ഷേ വിധി മറ്റൊന്നായിരുന്നു. പതിനേഴ് വയസ്സ് തികയാഞ്ഞതുകൊണ്ട് ആ കോഴ്സ് കിട്ടിയില്ല കിട്ടിയത് രണ്ടു വർഷത്തെ അഗ്രിക്കൾച്ചർ കോഴ്സ്. പരീക്ഷ എഴുതി ഫലം വരുന്നതിന്ന് മുമ്പ് തന്നെ പവീട്ടിനടുത്ത് അഗ്രി ഡമോൺസ്റ്റ്രേറ്ററായി മൂന്ന് മാസം. പിന്നെ പെരുമ്പാവൂരിന്നടുത്ത് ഒക്കലിൽ തുടർന്ന് ഫീൽഡുമാനായും യൂണിറ്റ് ഇൻ ചാർജ് ആയും ആറളം ഫാമിൽ ഏഴുവർഷം... തുടർന്ന് ഫാം അസിസ്റ്റന്റായി പെരുവണ്ണാമൂഴിയിൽ തുടർന്ന് 1991 മുതൽ അവിടെ തന്നെ ഫാം സൂപ്രണ്ട് ചീഫ് ടെക്നിക്കൽ ഓഫീസർ എന്നിങ്ങനെ.... ഇതിനെല്ലാം പ്ര്യപ്തമായിത്തീർന്ന യോഗ്യതയായി മാറിയ അഗ്രിക്കൾച്ചർ കോഴ്സിലേക്ക് എന്നെ നയിച്ചത് എളാപ്പയുടെ ആ വാക്കുകളായിരുന്നു. അവനെ ഇങ്ങോട്ടയക്ക് ....പഠനകാലമത്രയും തവനൂരിനിക്കരെ കുണ്ടിലങ്ങാടിയിൽ അമ്മായിയുടെ വീട്ടിലായിരുന്നു താമസം. ഉച്ചഭക്ഷണം എളാപ്പാന്റെ വീട്ടിൽ നിന്നും..കയറിവന്ന പടവുകൾ കൈ പിടിച്ച് കയറ്റിയ കൈകൾ എല്ലാം ഇപ്പോളോർക്കുന്നു...
ഓരോരുത്തരായി പടിയുറങ്ങുന്നു. കുണ്ട്ലങ്ങാടിയിലെ ഇക്കാക്ക ആദ്യം മരിച്ചു. മാസങ്ങൾക്ക് മുമ്പ് അമ്മായി മരിച്ചു. ഇപ്പോളിതാ എളാപ്പയും പോയിരിക്കുന്നു...
രാവിലെ മകൻ സിങ്കപ്പൂരിൽ നിന്ന് വിളിച്ച് ചോദിച്ചു ഉപ്പ അറിഞ്ഞില്ലേ ബാവുട്ടി എളാപ്പ മെക്കയിൽ വെച്ച് മരിച്ചിരിക്കുന്നു. ഭാര്യയും മകളുമൊത്ത് ഉംറക്ക് പോയതായിരുന്നുവത്രേ... അലപ നേരം സ്തബ്ദനായി. ഇടർച്ച നിയന്ത്രിച്ചുകൊണ്ട് ഞാൻ പറഞ്ഞു ഇല്ല മോനേ ഞാനറിഞ്ഞില്ല. മനസ്സാന്നിദ്ധ്യം വീണ്ടു കിട്ടിയപ്പോൾ അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനായി പ്രാർത്ഥിച്ചു. പിന്നെ  വേണ്ടപ്പെട്ടവരുടെ അറിവിലേക്കായി ഒരു എഫ് ബി പോസ്റ്റ് ഇട്ടു... നമുക്ക്‌ മറ്റെന്തിനു കഴിയും...... അദ്ദേഹത്തിൽ നിന്ന് എനിക്കൊരു പാട് കിട്ടി. ഞാനദ്ദേഹത്തിനെന്ത് കൊടുത്തു. എനിക്കറിയാം ഒന്നും കൊടുത്തില്ല മനസ്സ് നിറഞ്ഞ പ്രാർത്ഥനയല്ലാതെ മറ്റൊന്നും. ആ പ്രാർത്ഥനകൾ അല്ലാഹു സ്വീകരിക്കുമാറാകട്ടേ....

Comments

Popular posts from this blog

കൗണ്ടർ ഇന്റലിജൻസ്

മഴയുടെ പാട്ട്.

സ്കൂളിലേക്ക്