ആദ്യത്തെ ആശീർവാദം

സ്കൂൾ പൂട്ടിയ കാലം‌ അതൊരു വെള്ളിയാഴ്ചയായിരുന്നു. മദ്രസക്കും അവധി. അത്തരം ദിവസങ്ങൾ വലിയ സന്തോഷമായിരുന്നു. വീട്ടുവളപ്പിലോ പാടത്തോ പുഴയിലോ സ്കൂൾ മിറ്റത്തോ ഒക്കെ വെറുതേ അലഞ്ഞു നടക്കാം. വേലിമേലിരിക്കുന്ന ഓന്തിനെ എറിഞ്ഞ് വീഴ്താം. അല്ലെങ്കിൽ കുളങ്ങളിലോ പുഴയിലോ നീന്തിത്തുടുക്കാം. മരങ്ങളിൽ കയറാം അങ്ങനെ പലവിധ നേരം പോക്കുകൾ. സ്കൂൾ മിറ്റത്ത് കളിക്കാനായിരുന്നു അന്നത്തെ പരിപാടി. ഞാൻ നേരത്തേ സ്കൂൾ മിറ്റത്തെത്തി കൂട്ടുകാരേ കാത്ത് നില്പായി. കുറേ നേരം നിന്നിട്ടും ആരെയും കാണാനില്ല. 
എൽ ആകൃതിയിലുള്ള ഓടു മേഞ്ഞ ഒറ്റക്കെട്ടിടമായിരുന്നു സ്കൂൾ. സ്കൂളിന്റെ പടിഞ്ഞാറേ അറ്റത്തെ ചെറിയ മുറിയായിരുന്നു ഹെഡ്മാസ്റ്റർ ഗുരുക്കൾ മാസ്റ്ററുടെ ആപ്പീസ്. സ്കൂൾ വളപ്പിന്റെ പടിഞ്ഞാറേ അരികിലെ ഇടവഴിയിലൂടെ കന്നുകളെ  പുഴയുടെ അക്കരേക്ക് മേയ്ക്കാൻ കൊണ്ടുപോകുന്ന കുട്ടികളെയും നോക്കിക്കൊണ്ട് വിജനമായ സ്കൂളിന്റെ തിണ്ണയിൽ തെല്ലൊരു സങ്കടത്തോടെ  ഞാൻ നിന്നു. ആകാശത്തുനിന്നും വലിയ ഒരു മുരൾച്ച കേട്ട് ഞാൻ ഇറങ്ങി നോക്കി. താഴ്ന്ന് പറക്കുന്ന ഒരു ഹെലിക്കോപ്റ്റർ. ഒരു വലിയ തുമ്പിയേപ്പോലെ കണ്ടാറിപ്പാടത്തിനു മുകളിലൂടെ കൊണ്ടൂരക്കുന്ന് ലക്ഷ്യമാക്കി അത് പറന്നു പോയി. അവിടെ റബ്ബറെസ്റ്റേറ്റിൽ മരുന്നടിക്കാൻ പോവുകയാണ്. കണ്ണിൽ നിന്ന് മറയും വരെ ഞാനത് നോക്കി നിന്നു. ഉച്ചത്തിലായിരുന്ന മുരൾച്ച ക്രമേണ കുറഞ്ഞ് ഇല്ലാതായി. വീണ്ടും എന്റെ ശ്രദ്ധ തോട്ടിലേക്കായി. മഴക്കാലമായാൽ ഇടവഴി തോടായിമാറും. ഗ്രാമത്തിന്റെ വടക്കേ അതിരിലെ കുന്നുകളിൽ പെയ്യുന്ന മഴയത്രയും ഭാരതപ്പുഴയിലെത്തേണ്ടത് ഈ തോട്ടിലൂടെയാണ്‌. വലിയ മഴയിൽ നുരയും പതയുമായി കലങ്ങിമറിഞ്ഞൊഴുകാറൂള്ള തോട് വൃശ്ചികം ധനു മാസത്തോടെ ശോഷിച്ച് ഒരു തെളിനീർച്ചാലായി മാറും. സ്കൂൾ വളപ്പിന്റെ വടക്കേ അറ്റത്ത് എന്തെല്ലാമോ പണികൾ നടക്കുന്നുണ്ടായിരുന്നു. ഈ സ്കൂളിലെ എന്റെ പഠിപ്പ് ഇക്കൊല്ലത്തോടെ തീർന്നിരിക്കുന്നു എന്ന് ഞനോർത്തു. ശരിക്കും കഴിഞ്ഞ കൊല്ലം തീരേണ്ടതായിരുന്നു. മദ്രസയിലെ പഠിപ്പ് തീരാഞ്ഞതുകൊണ്ട് ഉപ്പ പ്രത്യേകം പറഞ്ഞ് തന്നെ തോല്പിച്ചതായിരുന്നു എന്ന് ഞാൻ ദുഖത്തോടെ ഓർത്തു. അതുകൊണ്ട് കൂടെ പഠിച്ചിരുന്ന മാനുവും കുഞ്ഞാനുമെല്ലാം നേരത്തേപോയി. വെറുതെയെന്തിനാ ആകുട്ടിയുടെ ഒരു വർഷം കളയുന്നത് കുഞ്ഞുമോനേ എന്ന് രാമകൃഷ്ണൻ മാസ്റ്ററും ഗുരുക്കൾ മാസ്റ്ററുമൊക്കെ ഉപ്പായോട് പറഞ്ഞ് നോക്കിയതാണ്. പക്ഷേ ഉപ്പ സമ്മതിച്ചില്ല. മദ്രസയിലെ പഠിപ്പ് തീരാതെ വടാനാംകുറുശ്ശിയിലേക്ക് പോകാൻ തുടങ്ങിയാൽ പിന്നെ ഖുർആൻ പഠിപ്പിക്കലുണ്ടാവില്ല എന്നായിരുന്നു ഉപ്പായുടെ അഭിപ്രായം. 
അന്ന് വാടാനാം കുറുശ്ശിയ്ലും പട്ടാമ്പിയിലുമാണ്‌ ഷൊർണൂരുമാണ്‌ ഹൈസ്കൂളുകൾ ഉണ്ടായിരുന്നത്.  കഴിഞ്ഞ വർഷം നാലാം ക്ലാസ് ജയിച്ച മാനുവും കുഞ്ഞാനുമൊക്കെ ഷൊർണൂരിലേക്കാണ്‌ പോയത്. അവനെ വാടാനാം കുറുശ്ശിയിലേക്ക് അയക്കാനാണ്‌ പരിപാടി എന്ന് ഉപ്പ പറഞ്ഞിരുന്നു. ഷൊർണൂരിലേക്കുള്ള പോക്ക് ചെലവേറിയ പരിപാടിയായിരുന്നു. വാടാനാംകുറുശ്ശിക്ക് നടന്ന് പോകാമല്ലോ...
വടക്കുവശത്തെ റോഡിലൂടെ പൊടി പറത്തിക്കൊണ്ട് ഒരു ലോറി കിഴക്കോട്ട് പാഞ്ഞു പോയി. റേഷൻ പീടികയിലേക്ക് അരിയുമായി വരികയാണ്...
മിറ്റത്ത് നിന്നും ഒരു പിടി ചരൽവാരി ഓരോന്നായി മുന്നിൽ നിൽക്കുന്ന തെങ്ങിലേക്ക് എറിഞ്ഞു കൊണ്ട് ഞാൻ നിന്നു. ഇന്നിനി ആരും വരുമെന്ന് തോന്നുന്നില്ല. നിരാശയോടെ തിരിച്ച് പോകാനൊരുങ്ങവേ ഹെഡ് മാസ്റ്ററും ഉപ്പയും സ്കൂളിലേക്ക് വന്നു. എന്തോ പറഞ്ഞ് ചിരിച്ചും കൊണ്ടാണ് വരവ്. കുട്ടിയെക്കണ്ട് രണ്ടു പേരും ചിരിച്ചു. അവർ ഓഫീസ് തുറന്ന് അകത്ത് കടന്നു. ഹെഡ് മാസ്റ്റർ മേശയിൽ നിന്നും ഒരു പുസ്തകമെടുത്ത് അതിൽ എന്തോ എഴുതാൻ തുടങ്ങി. 
അല്പം കഴിഞ്ഞപ്പോൾ ഉപ്പ എന്നെ അകത്തേക്ക് വിളിച്ചു. ഞാൻ കടന്ന് ചെന്നു. ഹെഡ് മാസ്റ്ററുടെ മേശയുടെ ഇപ്പുറത്ത് ഒരു സ്റ്റൂളിൽ ഉപ്പയും ഇരിക്കുന്നുണ്ടായിരുന്നു. അവനെക്കണ്ടപ്പോൾ അദ്ദേഹം എഴുന്നേറ്റ് നിന്നു. എഴുതിക്കഴിഞ്ഞ പേജ് ചീന്തിയെടുത്ത് രണ്ടു കൈ കൊണ്ട് എനിക്കു നേരെ നീട്ടി. ഞാൻ അശ്രദ്ധമായി അദ്ദേഹത്തിനു നേരെ നീട്ടി. പിറകിൽ നിന്നും എന്റെ തലയിൽ തൊണ്ടി ഉപ്പ പറഞ്ഞു. രണ്ട് കൈയ്യും നീട്ടി വാങ്ങെടാ. പെട്ടന്ന് ഞാൻ ഇരു കൈകളും നീട്ടി. നന്നായി വാ എന്ന് ആശീർവദിച്ചുകൊണ്ട് അദ്ദേഹം മങ്ങിയ പച്ച നിറത്തിലുള്ള കട്ടിക്കടലാസ് എന്റെ കൈകളിൽ തന്നു. ഞാൻ അത് ഉപ്പായുടെ കയ്യിൽ കൊടുക്കുകയും ചെയ്തു. അത് എന്റെ ടി സി യായിരുന്നു എന്നോ എന്നെ വാടാനാം കുറുശ്ശിയിൽ ചേർക്കാനുള്ള രേഖയാണെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. 
ഞാൻ അന്ന് യാദൃച്ഛികമായി അവിടെ ചെന്ന്  പെട്ടതായിരുന്നു. അതുകൊണ്ട് ഗുരു നാഥന്റെ ആശീർവാദത്തോടെ ടി സി നേരിട്ട് വാങ്ങാൻ പറ്റി...
പിന്നീട് ഉപ്പയുടെ കൂടെ മടങ്ങുമ്പോൾ സ്കൂളിന്റെ വടക്കേ അറ്റത്ത് നടന്നിരുന്ന മാരാമത്ത് പണികൾക്ക് നേരേ വിരൽ ചൂണ്ടി ഉപ്പ പറഞ്ഞു പുതിയ സ്കൂൾ കെട്ടിടം കെട്ടുകയാണ് ഉപ്പാന്റെ കുട്ടിക്ക് മാഷാകാൻ. അതെ ഉപ്പായുടെ ആഗ്രഹം എന്നെ ആസ്കൂളിലെ ഒരു അദ്യാപകനാക്കുക എന്നതായിരുന്നു...
ഗുരുക്കൾ മാസ്റ്ററുടെ മകൻ സുരേഷിന്റെ ടിസിയും അന്ന് അദ്ദേഹം എടുത്തിരുന്നു. പിറ്റേ ദിവസം ഞങ്ങളെ രണ്ടു പേരേയും ഒന്നിച്ചാണ് വാടാനാംകുറുശിയിൽ ചേർത്തത്...

Comments

Popular posts from this blog

കൗണ്ടർ ഇന്റലിജൻസ്

മഴയുടെ പാട്ട്.

സ്കൂളിലേക്ക്