ചെമ്പന്റെ ന്യായം ( ആറളം ഫാമിൽ 5)


ഒരു സംസ്ഥാനത്ത് ഒരു യന്ത്രവൽകൃതഫാം എന്ന ജവഹർലാൽ നെഹറുവിന്റെ പദ്ധതിപ്രകാരം റഷ്യൻ സഹായത്തോടെ കേന്ദ്ര സർക്കാർ രൂപീകരിച്ച സ്ഥാപനമായിരുന്നു സ്റ്റേറ്റ് ഫാംസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഇതിനു കീഴിൽ 1970കളുടെ തുടക്കത്തിൽ കേരളത്തിൽ സ്ഥാപിക്കപ്പെട്ടതാണ് ആറളംഫാം.  ഈ ഫാമിലായിരുന്നു എന്റെ ആദ്യ നിയമനം. അവിടെ കൈലാസം എന്നറിയപ്പെടുന്ന യൂണിറ്റ് നമ്പർ 7 B യിൽ യൂണിറ്റ് ഇൻ ചാർജ്ജായി നിയുക്തനായ കാലം. എനിക്കന്ന് പ്രായം ഇരുപത്തൊന്ന്. മാസപ്പടി രൂപ മുന്നൂറ്റമ്പത്. ഇരുനൂറ്റമ്പത് രൂപകൊടുത്താൽ ഒരു പവൻ സ്വർണ്ണം കിട്ടുമായിരുന്ന കാലം.

കൂടെ പഠിച്ച കുരിയൻ, രാജൻ പേരാമ്പ്രക്കാരൻ പദ്മനാഭൻ എന്നിവർ സഹപ്രവർത്തകർ. മൺകട്ടയും ടാർ ഷീറ്റും കൊണ്ട് പണിത താൽക്കാലിക കെട്ടിടങ്ങളിൽ താമസം.

ഓഫീസും അതുതന്നെ. അടുത്തുതന്നെ ഒരു കുടിലിൽ പ്രാഞ്ചി എന്ന് വിളിക്കപ്പെടുന്ന ഫ്രാൻസിസ് കാന്റീൻ നടത്തുന്നു. കീഴ്പള്ളിക്കാരനാണ്. കാന്റീനിനു പുറമേ കോണ്ട്രാക്റ്റ് ജോലികളും ഉണ്ട്. കൂടെ പണിയർ കാട്ടിൽ നിന്ന് ശേഖരിച്ച് കൊണ്ടു വരുന്ന വന വിഭവങ്ങളുടെ കച്ചവടവും. കാട് വെട്ടിത്തെളിച്ച എഴുനൂറ്റമ്പത് ഏക്കർ സ്ഥലത്ത് കശുമാവ് തെങ്ങ് മുതലായ നാണ്യ വിളകൾ നട്ടുവളർത്തുക എന്നതാകുന്നു കടമ. സർക്കാർ വക 12 ബോർ തോക്കുമുണ്ട് സ്വയരക്ഷക്ക്. കിലോമീറ്ററുകൾക്കകലെ കീഴ്പ്പള്ളി പൂക്കുണ്ട് ചെട്ട്യാം പറമ്പ് അടക്കാത്തോട് കണിച്ചാർ പോലുള്ള കുടിയേറ്റ ഗ്രാമങ്ങളിൽ നിന്ന് വരുന്ന സുന്ദരികളും സുന്ദരന്മാരുമായ യുവാക്കളാകുന്നു കരാർ തൊഴിലാളികൾ. സ്ഥലത്തിന്റെ പണ്ടത്തെ ഉടമസ്ഥൻ എ കെ കുഞ്ഞുമോനാജിയുടെ ആശ്രിതരായിരുന്ന പണിയരും കുറുച്ച്യരുമായ ആദിവാസികൾ സ്ഥിരം തൊഴിലാളികളാണ്.  അവരെ നേരിട്ട് മസ്റ്റർ റോളിൽ എടുത്തിരിക്കയാണ്. അന്നത്തെ തൊഴിൽ നിയമപ്രകാരമുള്ള എട്ട് രൂപ ദിവസക്കൂലിക്ക് പുറമേ കാഷ്വൽ ലീവ് ബോണസ് മുതലായവക്കെല്ലാം അവർ അർഹരായിരുന്നു. പിന്നീട് വേറെ സ്ഥലത്തേക്ക് പുനരധിവസിപ്പിക്കപ്പെടുവോളം  ഫാമിനകത്തുതന്നെ വിവിധ കോളനികളിലായി അവർ പാർത്തു പോന്നു. 

 

ആദിവാസികളുടെ കൂട്ടത്തിൽ കുറിച്ച്യർ കൃത്യമായി പണിക്ക് വരും പണിയരുടെ കാര്യം കഷ്ട്ടിയായിരുന്നു. കാട്ടിലൂടെ അലഞ്ഞ് തേനും കിഴങ്ങുകളും ശേഖരിച്ചും മീൻപിടിച്ചും സ്വതന്ത്രരായ്കഴിഞ്ഞുകൂടുന്നതിലായിരുന്നു അവർക്ക് ആനന്ദം. അവരെ ഉദ്ധരിക്കാനെന്ന പേരിൽ നാം പരിഷ്കൃതർ അവരുടെ ജനിതക ശുദ്ധികൂടി മലിനമാക്കി എന്നതൊഴികെ ഒരു ഗുണവും നമ്മെക്കൊണ്ട് അവർക്കുണ്ടായിട്ടില്ല എന്നത് വേറെ വിഷയം... 

ഏതായാലും പണിയരുടെ വിചാരം അവർ ഫാമിൽ പണിക്ക് വരുന്നത് അവർ സാറമ്മാർ എന്ന് ബഹുമാനത്തോടെ വിളിക്കുന്ന എന്നെപ്പോലുള്ളവരെ സഹായിക്കാൻ വേണ്ടിയാണ് എന്നായിരുന്നു.‌ ഇടക്ക് വന്നിട്ടൊരു ഭീഷണിയുണ്ട്  സാറ് ഇന്ന് പത്ത് ഉറുപ്യ കടംതന്നില്ലെങ്കി നാൻ നാളെ പണിക്ക് ബെരൂലാ… തൊഴിലാളികളുടെ ഹാജർ കുറയുന്നത് യൂണിറ്റിഞ്ചാർജ്ജിന്റെ കുഴപ്പം കൊണ്ടാണ് എന്ന മട്ടിലാണ് മേലേന്ന് പറയുക. അതിനാൽ കടം കൊടുത്തും ഹാജർ നിലനിർത്താൻ പരിശ്രമിക്കുക തന്നെ..

ഒരു ഓണക്കാലം. അബ്ദുൽ കലാം സാറായിരുന്നു ഡയറക്റ്റർ. ഓണത്തിന് മുമ്പ് ബോണസ് കൊടുത്ത് തീർക്കണം എന്നായിരുന്നു.‌ അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ ഡൽഹിയിൽ നിന്നും പൈസവരാൻ വൈകി.‌ ഒരു ഹേതുകിട്ടിയാൽ മതി മാനേജ്മെന്റിനെതിരെ തിരിയാൻ എന്ന മട്ടിലായിരുന്നു ട്രേഡ് യൂണിയനുകൾ. അവർ കരുതിക്കൂട്ടി മാനേജ്മെന്റെ ബോണസ് വൈകിക്കുന്നു.  എന്നമട്ടിൽ പ്രചരണവും തുടങ്ങി. തൊഴിലാളികളാകെ ഇളകിവശായി. അവസാനം ഉത്രാടത്തിന്റെ തലേന്ന് രാത്രിയാണ് പൈസ എത്തിയത്. എല്ലായൂണിറ്റ് ഇൻ ചാർജ്ജ് മാരും രാത്രിതന്നെ ഓടന്തോടുള്ള ഹെഡോഫീസിലേക്ക് പോയി അതത് യൂണിറ്റുകളിലേക്ക് വേണ്ട പൈസ അഡ്വാൻസെടുത്ത് വിതരണം ചെയ്യണമെന്ന് ഉത്തരവായി.  അതുപ്രകാരം രാത്രിയിൽ കിലോ മീറ്ററുകൾ നടന്ന് ഓഫീസിൽ ചെന്ന് പയ്യനും പൈസയെടുത്തു.  പിറ്റേന്ന് രാവിലെ പയ്യൻ ഓഫീസിലെത്തി. കൂട്ടുകാരെല്ലാം വീട്ടിൽ പോയിരിക്കയാണ്. പയ്യനും വാച്മാൻ കുഞ്ഞിമോനും കുക്ക് പൗലോസും മാത്രമുണ്ട് ഓഫീസിൽ. പിറ്റേന്ന് പുലർച്ചെ  ബോണസ് വാങ്ങാൻ എല്ലാവരും ഓഫീസിൽ ഹാജറായി. കൂടെ ഫ്രാൻസിസും ഉണ്ട്. തല ചൊറിഞ്ഞു കൊണ്ട് ഫ്രാൻസിസ് പയ്യനോട് പറഞ്ഞു 

" സാറേ എല്ലാവരും ഒരുപാട് പറ്റുണ്ട്. അതിലേക്ക് എന്തെങ്കിലുമൊക്കെ തരാൻ സാറൊന്ന് പറയണം".‌പയ്യൻ ചിരിച്ചുകൊണ്ട് പറഞ്ഞു ഞാൻ പറഞ്ഞു നോക്കാം. വലിയ ഫലമൊന്നും കാണുമെന്ന് തോന്നുന്നില്ല… പയ്യൻ ഓഫീഫിൽ കയറി സേഫ് തുറന്ന് കാശും‌ പട്ടികയും സ്റ്റാമ്പ് പാഡും മറ്റു മെടുത്ത് അക്വിറ്റൻസ് പ്രകാരം പേര് വിളിക്കാൻ തുടങ്ങി. ആദ്യം സി ചെമ്പൻ. ഇരുനൂറ് രൂപ. ചെമ്പന്മാർ രണ്ടുണ്ട് അതിൽചെറിയ ചെമ്പനാകുന്നൂ സി ചെമ്പൻ. പേര് ചെറുതാണെങ്കിലും ആൾ അജാനബാഹുവായിരുന്നു. കറുത്ത് തടിച്ച് വട്ടക്കണ്ണുകളുമൊക്കെയായി.‌ ഏർത്യമൊന്നുമില്ല എന്നെ സ്നേഹവുമായിരുന്നു. ഇന്നേവരെ ഞാൻ പറഞ്ഞ ഒന്നിനും എതിരു പറഞ്ഞിട്ടില്ല… സ്റ്റാമ്പ് പേടെടുത്ത് ചെമ്പന്റെ വിരലിൽ മഷി പുരട്ടവേ ഞാൻ പറഞ്ഞു ചെമ്പാ ഫ്രാൻസിസ് പുറത്ത് നിൽക്കുന്നുണ്ട് പറ്റിലേക്ക് എന്തെങ്കിലുമൊക്കെ…….

ഞാൻ പിടിച്ചിരിക്കുന്ന തന്റെ ഇടതു തള്ളവിരൽ കുടഞ്ഞ് ചെമ്പൻ നിവർന്ന് നിന്ന് വട്ടക്കണ്ണുകൾ ഉരുട്ടി മിഴിച്ച് മൂപ്പർ പറഞ്ഞു…സാറ് ഒരച്ചര മുണ്ടരുത്  കവർമെണ്ട് ബോണസ് തര്ണത് ഓണ കൈക്കാന്. കട ബീട്ടാനല്ലാ. വരാന്തയിൽ നിന്ന് സംഭാഷണം ശ്രദ്ധിക്കുകയായിരുന്ന ഫ്രാൻസിസ് മുഖം കാണിച്ചു. എന്നും രാവിലെ പുട്ടും കടലയുമൊക്കെ കഴിച്ചതല്ലേചെമ്പാ…

ഞാബന്നിര്ന്ന് ചായാന്ന് പറഞ്ഞപ്പോ നിയ്യെന്തിന് പുട്ടും കടലയും തന്ന്….

ഫ്രാഞ്ചി എന്ന് വിളിക്കപ്പെടുന്ന ഫ്രാൻസിസ് പിന്നെയൊരക്ഷരം മിണ്ടിയില്ലാ … പയ്യനും 

ചെമ്പൻ പറഞ്ഞതൊരു വലിയ ന്യായമാണല്ലോ 

Published….

Comments

Popular posts from this blog

കൗണ്ടർ ഇന്റലിജൻസ്

മഴയുടെ പാട്ട്.

സ്കൂളിലേക്ക്