സിനിമാ ജിഹാദ്

സിനിമ കരുത്തുറ്റ ഒരു മാധ്യമമാണ്. മനുഷ്യന്റെ അബോധമനസിനെ അധിനിവേശിച്ച് പരിവർത്തിപ്പിക്കാൻ ശക്തിയുള്ള മീഡിയ. സിനിമയെ ഇസ്ലാമിനെതിരെ പൊതുബോധം സൃഷ്ടിക്കാൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഒരു പാട് ഹോളീവുഡ് സിനിമകൾ ഇതിനുദാഹരണമായി കാണിക്കാനുണ്ട്. സ്റ്റിഫാൻ സ്പിൽ ബർഗ്ഗിന്റെ ട്രൂ ലൈസ് പെട്ടന്ന് ഓർമ്മയിൽ വന്ന ഉദാഹരണം മാത്രം... ഈ ഒഴുക്കിനൊരു തടയിടാൻ പരിശ്രമിച്ച ആളായിരുന്നു മുസ്തഫാ അക്കാദ്. ഇംഗ്ലീഷിലും അറബിയിലുമായി അദ്ദേഹം നിർമ്മിച്ച ദ മെസേജ് ഉമർ മുക്താർ എന്നിവ ഒരു പരിധിവരെ ഇസ്ലാമിനെക്കുറിച്ച് പശ്ചാത്യർക്ക് ഇടയിലുണ്ടായിരുന്ന തെറ്റിദ്ധാരണകൾ തീർക്കാൻ കുറെയൊക്കെ പ്രര്യപ്തമായി.‌ പിന്നീട് കുറേക്കൂടി ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുക എന്ന ഉദ്ദേശത്തോടെ സലാഹുദ്ദീൻ അയ്യൂബിയുടെ കഥ സിനിമയാക്കാൻ ശ്രമിക്കുന്നതിനിടെ ഇറാക്കിൽ വെച്ച് അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിനു നേരെ സാമ്രാജ്യത്വ സേന നടത്തിയ റോക്കറ്റാക്രമണത്തിൽ അദ്ദേഹം തന്റെ മകളോടൊപ്പം കൊല്ലപ്പെടുകയായിരുന്നു.... അതുപോലെ ഇറാനിയൻ സംവിധായകൻ മജീദി മജ്ജീദിയുടെ ചില സിനിമകളും ഇവ്വിഷയകമായി പറയാവുന്നതാണ്. 
ഇവയൊക്കെ ഒഴിച്ചാൽ സാമ്പ്രദായിക സിനിമകളുടെ പൊതുവായ രീതി ഇസ്ലാമിനെ ഭീകരവും പിൻതിരിപ്പനും‌ സ്ത്രീവിരുദ്ധവും പഴഞ്ചനുമൊക്കെയായി ചിത്രീകരിക്കുക എന്നതു തന്നെയായിരുന്നു. ഇപ്പോഴും ആണ് താനും. എന്നാൽ മുസ്ലിം ലോകം പൊതുവിൽ സിനിമ മുഖേന ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാൻ സാമ്പ്രദായിക സിനിമാലോകം നടത്തുന്ന ശ്രമങ്ങളെ സിനിമ ഉപയോഗിച്ചുതന്നെ പ്രതിരോധിക്കുന്നതിനോട് വിമുഖരായിരുന്നു. ഇസ്ലാമിന്റെ നിഷ്ടകളും കർമ്മശാത്ര ശാഠ്യങ്ങളുമൊക്കെയൊരു പക്ഷേ ഈ നിലപാടിനു കാരണമായിരിക്കാം. മലയാള സിനിമകളും ഇതിൽ നിന്നും വളരെയൊന്നും ഭിന്നമായിരുന്നില്ല. താടിയും നമസ്കാരത്തഴമ്പുള്ള വില്ലന്മാർ മലയാള സിനിമകളിൽ വിലസി... അങ്ങനെയിരിക്കുമ്പോഴാണ് സുഡാനി ഫ്രം നൈജീറിയ പോലുള്ള സിനിമകളുമായി സക്കറിയയും കൂട്ടരും ഇറങ്ങിയത്. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളും പാരകളും ആ സിനിമക്ക് നേരെയുണ്ടായി എന്നതിൽ നിന്നതന്നെ കാര്യങ്ങളുടെ കിടപ്പ് നമുക്ക് മനസിലാക്കാം. മനുഷ്യ മനസുകളിൽ സിനിമയിലൂടെ ഉണ്ടാക്കിയെടുത്ത ഇസ്ലാം വിരുദ്ധമനോഭാവത്തെ സിനിമയിലൂടെത്തന്നെ റദ്ദുചെയ്ത് കളയാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന തോന്നലാകാം ഈ എതിർപ്പുകളുടെ മൂലഹേതു. ഏതായാലും സുഡാനിയേക്കാൾ പ്രകടമായ മറ്റൊരു പ്രമേയവുമായി സക്കറിയയും കൂട്ടരും വീണ്ടും ഇറങ്ങിയതിന്റെ കോലാഹലങ്ങളാണ് ഇപ്പോൾ മുഴങ്ങിക്കൊണ്ടിരിക്കുന്നത്. സിനിമാജിഹാദ് എന്ന് ഒരു കൂട്ടർ ആരോപിക്കുമ്പോൾ  സിനിമ ഇസ്ലാമിന് നിഷിദ്ധമാണ് എന്നും ഇത്തരം സിനിമകൾക്ക് അംഗീകാരം നൽകുക വഴി ഇസ്ലാമിന് വലിയ കളങ്കമാണ് വരാൻ പോകുന്നത് എന്നും മറ്റൊരു കൂട്ടർ വാദിക്കുന്നു. അവരുടെ ന്യായം സിനിമാലോകത്തെക്കുറിച്ച് പൊതുവേയുള്ള ധാരണകളാണ്. മദ്യം മദിരാക്ഷി കള്ളപ്പണം എന്നിത്യാദികളുമായൊക്കെ കെട്ടുപിണഞ്ഞു കിടക്കുന്ന സിനിമാലോകവുമായുള്ള ഏർപ്പാട് ഭയപ്പെടേണ്ടതാണ് എന്നതാണ്. ഇസ്ലാമിനെ ഇകഴ്ത്താൻ ഉപയോഗിക്കുന്ന അതേ മീഡിയയെ അതിനെ പ്രതിരോധിക്കാനും ഉപയോഗിക്കുക എന്നത് അക്ഷന്തവ്യമല്ല എന്ന് വാദിക്കുന്ന  മൂന്നാമതൊരു കൂട്ടരും ഉണ്ട്. 
നടക്കട്ടെ കാണുന്നവർ തീരുമാനിക്കട്ടെ. ഉദ്ദേശ ശുദ്ധിക്കനുസരിച്ച് എല്ലാവർക്കും അർഹമായ പ്രതിഫലവും ലഭിക്കട്ടേ...

Comments

Popular posts from this blog

കൗണ്ടർ ഇന്റലിജൻസ്

മഴയുടെ പാട്ട്.

സ്കൂളിലേക്ക്