പരിപ്പുതോട്ടിലേക്ക് (ആറളം ഫാമിൽ 4)

അങ്ങനെ സത്യപ്രതിജ്ഞ കഴിഞ്ഞു. ഞങ്ങൾ, ഞാനും മോഹനനും ബഷീറും അഗ്രിക്കൾച്ചർ ഓഫീസർ കലാം സാറിന്റെ മുറിയിലേക്ക് ആനയിക്കപ്പെട്ടു. ഞങ്ങൾ അദ്ദേഹത്തെ വന്ദിച്ച് അകത്തു കയറി. തന്റെ ചെറിയ മുറിയിൽ തിരിയുന്ന കശേരയിൽ വലിയ ഗൗരവത്തിൽ അദ്ദേഹമിരിക്കുന്നു. സുന്ദരമായ വട്ടമുഖത്ത് അതിനു ചേരാത്ത കട്ടിമീശ. മുഖത്ത് ചിരിയുടെ ലാഞ്ചന പോലുമില്ല. എനിക്കതൊരു കൃത്രിമ ഗൗരവമായിട്ടാണു തോന്നിയത്. ചെന്നുകയറിയ ഉടനെ തന്റെ കൊല്ലം ഭാഷയിൽ ഒറ്റ വിരട്ടലായിരുന്നു. ഇവിടെ ഉഴപ്പൊന്നും നടക്കില്ല. നന്നായി ജോലിചെയ്താൽ നിങ്ങൾക്കിവിടെ നല്ല ഭാവിയുണ്ട്. നന്നയി ജോലിചെയ്യാതതിന്റെ പേരിൽ രണ്ടു പേരെ ഈയിടെ പിരിച്ചു വിട്ടതേയുള്ള. പരിചയക്കാരോടും അല്ലാത്തവരോടും മൊക്കെ ആവശ്യത്തിനും അല്ലാതെയും ചിരിക്കുകയും സരസമായി സംസാരിക്കുകയും  ചെയ്യുന്ന പത്തൊമ്പതുകാരനായ എനിക്ക് കലാം സാറിന്റെ വിരട്ട് അത്ര കാര്യമായി ഏറ്റില്ല. മോഹനനും തിരൂർക്കാട്ട് കാരൻ ബഷീറും അസാരം വിരണ്ടു എന്ന് തോന്നുന്നു. എനിക്ക് യൂണിറ്റ് ആറിലേക്കായിരുന്നു നിയോഗം. ഹെഡോഫീസായ ഓടംതോട്ടിൽ നിന്നും ഏഴു കിലോമീറ്ററോളം അകലെ. കലാം സാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഞങ്ങൾ വരാന്തയിൽ വന്നിരുന്നു. അവിടെ രണ്ടു തൊഴിലാളികൾ ചാക്കിൽ നെല്ലുവിത്ത് നിറക്കിന്നുണ്ടായിരുന്നു. ഫാമിൽ അന്ന് വാഴ,നെല്ല്,കപ്പ എന്നിവയായിരുന്നു വാർഷിക വിളകൾ. കുന്നുകളുടെ താഴ് വരകളിലെ ചതുപ്പുകൾ വയലുകളാക്കി അതിലായിരുന്നു നെൽ കൃഷി. കുന്നുകളിൽ കശുമാവും റബ്ബറും തെങ്ങും അങ്ങനെ ഏഴായിരത്തി അഞ്ഞൂറ് ഏക്കർ.
ഞങ്ങൾ നിയമിക്കപ്പെട്ട യൂണിറ്റുകളിലേക്ക് വല്ല വാഹനവും കാത്ത് ഞങ്ങളിരിക്കവേ യൂണിറ്റ് 2A ലേക്കും B യിലേക്കും പോകുന്ന ട്രാക്റ്ററിൽ മോഹനനും ബഷീറും സ്ഥലം വിട്ടു..
ഒറ്റക്കായ എന്നെ നോക്കി തൊഴിലാളികളിൽ ഒരാളായ ഗോപാലൻ നായർ പറഞ്ഞു സാർ പേടിക്കേണ്ട. പരിപ്പ് തോട്ടിലേക്ക് പോകുന്ന വല്ല ലോറ്യോ ട്രാക്റ്ററോ വരും. ഞാൻ ചിരിച്ചു. 
വൈകിയില്ല. തന്റെ ബില്ല് മാറി യൂണിറ്റ് ആറിലേക്ക് മടങ്ങുകയായിരുന്നകോണ്ട്രാക്റ്റർ ഉണ്ണീനെ വിളിച്ച് ഗോപാലൻ നായർ പറഞ്ഞ് ഉണ്ണീനിക്കാ ഈ പയ്യൻ സാറിനെയും കൂട്ടിക്കോ  നിങ്ങടെ യൂണിറ്റിലേക്കുള്ള സാറാ. തടിയനും കുറിയവനുമായ ഉണ്ണീൻ ഒരു കരാറുകാരന്റെ എല്ലാ ഭവ്യതയോടും കൂടി സ്വാഗത ഭാവത്തിൽ എന്നെ നോക്കിച്ചിരിച്ചു. പിന്നെ ഇറങ്ങി നടക്കാൻ തുടങ്ങി. അത്യാവശ്യം കനമുള്ള സ്യൂട്ട് കേസും കയ്യിൽ തൂക്കി ഞാൻ മൂപ്പരെ പിൻ തുടർന്നു. വഴിയിലുടനീളം ഞങ്ങൾ പല കാര്യങ്ങളും സംസാരിച്ചു. അടിയന്തരാവസ്ഥ വന്നതിനു ശേഷം ഫാമിൽ വലിയ ചിട്ടയാണെന്നും ചിട്ടയാണെന്നും ഡയറക്റ്റർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഉടനേ പിരിച്ച് വിടുമെന്നും അതുകൊണ്ട് നോക്കിയും കണ്ടു മൊക്കെ നിൽക്കണമെന്നും ഉണ്ണീൻ എന്നെ ഉപദേശിച്ചു. കുന്നുകളും താഴ് വരകളും താണ്ടുന്ന മൺ പാതയിലൂടെ ഞാനയാളെ പിൻ തുടർന്നു. മൂന്ന് വർഷങ്ങൾക്ക് മുമ്പ് മാത്രം വെട്ടിത്തെളിച്ച നിബിഢ വനങ്ങളായിരുന്ന മണ്ണ്. കൃഷി തുടങ്ങുന്നതേയുണ്ടായിരുന്നു. പലേടങ്ങളിലും റോടിനിരു വശവും ഉയരത്തിൽ വളർന്നു നിൽക്കുന്ന നമ്പീശൻ പുല്ല് എന്നറിയപ്പെടുന്ന നേപ്പിയർ ഗ്രാസ്. അകലെ പുല്ലുകൾക്കിടയിലൂടെ കണ്ട കറുത്ത പാറക്കൂട്ടം കണ്ട് ആനയാണോ എന്ന് കരുതി ഞാനൊന്ന് ഞെട്ടി. പക്ഷേ ഉണ്ണീന്റെ ധൈര്യത്തിന്റെ ബലത്തിൽ ഞാനും നടന്നു. ഏകദേശം ഒരു മണിക്കൂർ നടന്നപ്പോൾ ഞങ്ങൾ പരിപ്പുതോട് യൂണിറ്റിന്റെ ഓഫീസിലെത്തി. അവിടെ യൂണിറ്റ് ഇൻചാർജ്ജ് ഇ ആർ നാരായണൻ സാറും എഞ്ചിനീയർ ജോസഫ് സാറും സീനിയറായ ഫീൽഡുമാൻ ഗോപാലകൃഷ്ണൻ നായരും ക്ലാർക്ക്  മധുവും ഉണ്ടായിരുന്നു. മധു വർഷങ്ങളായി ഡൈലി പെയ്ഡ് വ്യവസ്ഥയി ജോലിചെയ്യുകയാണ്. ദിവസം ഒമ്പത് രൂപ വേജ്. ഇവിടെയുമുണ്ടായിരുന്നു കുഞ്ഞുമോനാജി പണിത കെട്ടിടങ്ങൾ. ഒഫീസിനു മുകളിലെ കുന്നിന്മേൽ പണിത അത്തരമൊരു കെട്ടിടമായിരുന്നു ഞങ്ങളുടെ താമസസ്ഥലവും കാന്റീനും. കുറച്ചകലെയുള്ള കീഴ്പള്ളിയിൽ നിന്നും ഒരു പുല്ലുപായും തലയണയും സംഘടിപ്പിച്ചു. അന്നു രാത്രി മധു കിടന്നിരുന്ന മുറിയിൽ ഞാൻ പാവിരിച്ചു. ആയിരത്തിത്തൊള്ളായിരത്തി എൺപത്തി രണ്ട് ഡിസമ്പർ വരെ തുടർന്ന ആറളം ഫാം ജീവിതത്തിന്റെ തുടക്കം അതായിരുന്നു...

Comments

Popular posts from this blog

കൗണ്ടർ ഇന്റലിജൻസ്

മഴയുടെ പാട്ട്.

സ്കൂളിലേക്ക്